സ്വപ്‌ന ചികിത്സയിലുള്ള ആശുപത്രി വാര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണം

തൃശ്ശൂര്‍ : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണം. സ്വപ്‌നയെ പ്രവേശിപ്പിച്ച വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്തും. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും.
ഒരു ജൂനിയര്‍ നഴ്‌സിന്റെ ഫോണില്‍ നിന്ന് സ്വപ്‌ന ആരെയൊ വിളിച്ചതായി സൂചന ലഭിച്ചു.ഇതേ തുടര്‍ന്നാണ് ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവന്‍ ജീവനക്കാരുടെയും പേര് വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറും. ഇത് സംബന്ധിച്ച് അതിസുരക്ഷാ ജയില്‍ സൂപ്രണ്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.